കൊടുങ്ങല്ലൂർ കോട്ടയും അധിനിവേശ കഥകളും

Cranganore Fort, Kodungallur

കേരള ചരിത്രത്തിലെ വൈദേശികധിനിവേശങ്ങളുടെ അവശേഷിക്കപ്പെടുന്ന നിർമ്മിത രൂപങ്ങളിൽ പ്രധാനം കേരളത്തിലങ്ങോളമിങ്ങോളം പണിതുയർത്തപ്പെട്ട കോട്ടകളാണ് .അവയിലൊന്നാണ് കോട്ടപ്പുറം കൊട്ട. പോർച്ചുഗീസ്-ഡച്ച് അധിനിവേശങ്ങളുടെയും അവർക്കിടയിലെ ചതികളുടെയും ഉപചാപങ്ങളുടെയും കഥ പറയുന്ന കൊട്ടപ്പുറം കോട്ട കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് നിർമ്മിപ്പിക്കപ്പെടുന്നത് കി. 1503 ലാണ്. ജലമാർഗ്ഗമുള്ള അക്രമങ്ങൾ ചെറുക്കുന്നതിന് പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ടയുടെ തകർന്ന ഏതാനും ചുമരുകളും ആയുധശേഖരത്തിനായി ഉപയോഗിച്ചിരുന്ന ഏതാനും അറകളും മാത്രമാണിവിടെ അവശേഷിക്കുന്നത്.

ഡച്ചുകാരുടെ വരവോടെ,1600 കളിൽ അവരുടെ ആക്രമണത്തെ ചെറുക്കാൻ ആവശ്യമായ സജീകരണങ്ങൾ പാലിയത്തച്ചന്റെ സഹായത്തോടെ ഒരുക്കിയത് കോട്ടയുടെ മേൽനോട്ടം വഹിച്ചിരുന്ന ഫിയാൽ ഹൊ എന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. ഫിയാൽ ഹോ യും പടയാളികളും ഡച്ചുകാരോട് സധൈര്യം പൊരുതി. ഒടുവിൽ ഫിയാൽ ഹോയെ വീഴ്ത്താനായത് കൂടെയാരുത്തന്റെ ചതിപ്രയോഗത്തിനു മാത്രമായിരുന്നു. ഫിയാൽ ഹോ യും കോട്ടയും ചതിക്കപ്പെട്ടു. ചതിച്ചത് പടയാളികരെ ഒരുക്കി കൊടുത്ത പാലിയത്തച്ചനും. പാലിയത്തച്ചന്റെ സഹായത്തോടെ ഡച്ചുകാർ ഒടുവിൽ പോർച്ചുഗീസ് സൈന്യത്തെ പരാജയപ്പെടുത്തി. ഫിയാൽ ഹൊയെയും പടയാളികളെയും കൊലപ്പെടുത്തുകയും ചെയ്തു. കോട്ടയെ ആക്രമിക്കാനുള്ള എളുപ്പ വഴിയെ പറ്റിയുള രഹസ്യം ഡച്ച് കാർക്ക് കൈമാറിക്കൊണ്ട് പലിയത്തച്ചൻ ഫിയാൽ ഹോയെ ഒറ്റുകൊടുക്കുമ്പോൾ അയാൾ കുരുതി കൊടുക്കാൻ തയ്യാറയത് തന്റെ തന്നെ പടയാളികളെ കൂടിയായിരുന്നു. ഫിയാൽ ഹോ യും പീരങ്കികൾ ഗർജ്ജിച്ച അയാളുടെ ചെറുത്തുനിൽപ്പും അങ്ങിനെ ചരിത്രമായി. ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ അവശിഷ്ട്ങ്ങളിൽ ചതിയുടെ തീരാക്കഥകൾ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്. പടനായകനാൽ വഞ്ചിക്കപ്പെട്ട പോരാളികളുടെ രോഷ പ്രതിഷേധങ്ങൾ അവയിൽ ഇന്നും പ്രതിധ്വനിക്കുന്നു.

ബിനാലേയിലെ ബോംബേ കാഴ്ച്ചകൾ

Cochin Binale

ഇളം മഞ്ഞ നിറവും, നേരിയ ചുവപ്പു കലർന്ന വെള്ള നിറവും, അത്ര ഇരുണ്ടതല്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഷേഡുകളും. ഒരു ക്ലാസിക്ക് നഗര സൗന്ദര്യത്തിന്റെ ശേഷിപ്പുകൾ പേറുന്ന ഒരു നഗരിയുടെ വിഷാദക്കാഴ്ച്ചകൾക്ക് ഭംഗി പകരാൻ ഏറ്റവും ഉതകുന്ന നിറക്കൂട്ടുകളാണവ. അതിലൂടെ രൂപം കൊള്ളുന്ന നിശ്ചലചിത്രങ്ങളും പെയിന്റിങ്ങുകളും ഒരു നഗരത്തിന്റെ നൊസ്റ്റാൾജിയ പേറുന്ന പെൻസീവായ ഉൾക്കാഴ്ച്ചകൾ ഉരുവം കൊള്ളുന്നതിന് കാരണമാകാവുന്നതാണ്.

കൊച്ചി-മുസ്രിസ്സ് ബിനാലെയിലെ സുനിൽ പട്വാൾ തയ്യാറാക്കിയിട്ടുള്ള ‘Room of Lies ‘,മുംബൈ നഗരത്തിന്റെ എഴുപതുകളുടെയും എൺപതുകളുടെയും കഥപറയുന്നത് മേൽ പറഞ്ഞ് വെച്ച രീതിയിലുള്ള ഫോട്ടോഗ്രാഫുകളിലൂടെയും പെയിന്റിങ്ങുകളിലൂടെയും, അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന ആധുനീതവത്കരണത്തിൽ അനുവദിക്കപ്പെട്ട ജീവിതകാലം കഴിഞ്ഞു മണ്ണിടപ്പെട്ട ചില ഉപകരണങ്ങളിലൂടേയുമാണ്. സുനിൽ പട്വാൾ ഈ കാഴ്ച്ചയൊരുക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത് തന്റെതുതന്നെയായ പെയിന്റിങ്ങുകളും ഫോട്ടോഗ്രാഫുകളുമാണ്.

ഇരുണ്ട ചാരനിറമുള്ള വലിയ ചുമരുകളിൽ അടുത്തടുത്തായി തൂക്കിയ ഒരോ ഫോട്ടോഫ്രെയിമുകളിലും കാണാനാവുന്നത് ബോംബെനഗരത്തിന്റെ ഒട്ടും സാമ്പ്രദായികമല്ലാത്തതും നിറംമങ്ങിയതും, ഏന്നാൽ അഭൂതമായ രീതിയിൽ ജീവസുറ്റതുമായ ദൃശ്യങ്ങള്‍. ബിനാലെ കാഴ്ച്ചകളിലൂടെ നടന്നു തീരുമ്പോൾ ഒരിക്കൽ കൂടി നിങ്ങളെ തിരികെ വിളിക്കുംവിധം ഒരു അൺ കൺവെൻഷണൽ ബോബെയാത്രയുടെ ആലോചനകൾക്കും ആഴമേറിയ ഗൃഹാതുരചിന്തകൾക്കും ഈ ഓര്‍മ്മകളുടെ മുറി രൂപം നൽകിയിരിക്കും

ബ്രഹ്മഗിരി കുന്നിൻ മുകളിലേക്കു

Brahmagiri Hills Wayanad

വർഷങ്ങൾക്ക് മുൻപ് എങ്ങു നിന്നോ വായിച്ചറിഞ്ഞ പക്ഷിപ്പാതാളം എന്ന പേര് വയനാടിന്റെ അതിർത്തി കടന്നപ്പോൾ മുതൽ മനസ്സ് വീണ്ടും മന്ത്രിച്ചു തുടങ്ങി. അത് കൊണ്ട് തന്നെയാകാം ആ യാത്ര ബ്രഹ്മഗിരി കുന്നുകളുടെ താഴ്വാരത്തിൽ ഞങ്ങളെ എത്തിച്ചത്. തിരുനെല്ലി അമ്പലത്തിന്റെ മുറ്റത്തു നിന്ന് ദൂരേയ്ക്ക് നോക്കിയാൽ മേഘങ്ങളോട് നേരമ്പോക്ക് പറഞ്ഞിരിയ്ക്കുന്ന ബ്രഹ്മഗിരിയെ കാണാം. ക്ഷേത്രമുറ്റത്ത് പിതൃക്കൾക്ക് ബലിദർപ്പണം ചെയ്യാൻ വന്നവരുടെയും, പാപങ്ങൾ പാപനാശിനിയിൽ കഴുകിക്കളയാൻ വന്നവരുടെയും എണ്ണം അനവധിയാണ്. പക്ഷിപ്പാതാളത്തെക്കുറിച്ച് വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ നിരാശയായിരുന്നു ഫലം.

മാവോയിസ്റ്റുകളുടെ നിരന്തരമായ ഇടപെടലുകൾ മൂലം പക്ഷിപ്പാതാളത്തിലേയ്ക്കുള്ള പാത അടച്ചിരിയ്ക്കുകയാണ്. ബ്രഹ്മഗിരിയിലേയ്ക്ക് മാത്രമേ പ്രവേശനം അനുവദിയ്ക്കുന്നുള്ളു. കർണാടകയെയും കേരളത്തിനെയും വേർതിരിച്ചു നിർത്തുന്ന ബ്രഹ്മഗിരി കുന്നുകളുടെ നെറുകയിലേയ്ക്കുള്ള യാത്രയുടെ തുടക്കം അവിടെ നിന്നുമായിരുന്നു. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നുമില്ലാതെ ആരംഭിച്ച യാത്രയിൽ അട്ടകളുടെ ആക്രമണം രൂക്ഷമായിരുന്നു. മഴ പെയ്തു നിറഞ്ഞ ചെളിക്കുണ്ടുകളുടെ വശങ്ങളിൽ ആഴത്തിൽ പതിഞ്ഞ ആനകളുടെയും കടുവയുടെയും കാൽപ്പാടുകൾ കാണാം.

ഒരു പക്ഷെ ഞങ്ങളറിയാതെത്തന്നെ അവരുടെ നിരീക്ഷണത്തിലായിരുന്നിരിയ്ക്കാം ഞങ്ങളോരോരുത്തരും. കാടിനുള്ളിൽ പെയ്തുതോരാന്‍ കൂട്ടാക്കാതെ നിൽക്കുന്ന മഴയെയും, നിശബ്ദതയെ കീറി മുറിച്ചൊഴുകുന്ന കാട്ടാറിന്റെ നാദത്തേയും കൂടെ കൂട്ടി ഞങ്ങൾ നടന്നു. ഫോറസ്ററ് ഹൗസിനു സമീപം അംബര ചുംബിയായ വാച്ച് ടവര്‍ മഞ്ഞിൽ മുഖമൊളിപ്പിയ്ക്കും പോലെ തോന്നി. പുൽമേടുകളിലൂടെയുള്ള യാത്ര അവസാനിയ്ക്കുമ്പോൾ തെല്ലകലെയായി കേരള-കർണാടക അതിർത്തി കാണാം. താഴെ കർണാടകയിലെ പാടങ്ങൾ വിളവെടുപ്പിനായി കർഷകനെ കാത്തു കിടക്കുകയാണ്.

റോസ്മല എന്ന സോളാർ ഗ്രാമം

Rosemala near Thenmala Kollam

ഗണപതികുന്നിന്റെ മുനമ്പിൽ തെന്മല റിസർവോയറിന്റെ മനം മയക്കുന്ന മനോഹാരിത ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദൂരെ നിന്നും നീട്ടിയടിക്കുന്ന ഹോണിന്റ ശബ്ദം, ഊർജം ചോർന്നു കാതിലേക്കെത്തുന്നത്. ശെന്തുരുണി കാടുകളുടെ മാറിലെ ആ കൊച്ചു ഗ്രാമത്തിലേക്ക് മീൻവണ്ടി കാടിറങ്ങി വരികയാണ്. നാട്ടാരു മുഴുവൻ ആ ‘മീൻ വിളംബര’ത്തിൽ ഒരുമിച്ച് കൂടുകയായി. പറഞ്ഞുവരുന്നത് കൊല്ലം ജില്ലയിലെ ഉൾഗ്രാമമായ റോസ്മലയെ കുറിച്ചാണ്. .. പുലരും മുൻപേ എഴുനേറ്റു നേരത്തെ ഉറങ്ങുന്ന ഒരു സമ്പൂർണ്ണ സോളാർ ഗ്രാമം. തെന്മല കാടുകളുടെ ഉള്ളിലായി ചോലകളൊഴുകുന്ന കാട്ടുവഴി താണ്ടി എത്താവുന്ന ഈ കൊച്ചുഗ്രാമത്തിൻറെ ഏക ഊർജ്ജ സ്രോതസ്സ് സോളാർ പവർ ആണ്. വൈകീട്ട് 8 മണിയോടെ മങ്ങുന്ന സോളാർ ലാമ്പുകളുടെ കൂടെ റോസ്മലയും കണ്ണടയ്ക്കും. ഗ്രാമമെന്ന കാവ്യ സങ്കൽപ്പത്തോട് ചേർന്ന് നിൽക്കുന്ന നാട്ടുകാരും അവരുടെ കലർപ്പില്ലാത്ത സംസാരവും തെന്മല തടാകങ്ങളുടെ സുന്ദരദൃശ്യം ആവോളം ആസ്വദിക്കാൻ പാകത്തിൽ ഉയർന്നു നിൽക്കുന്ന ഗണപതിക്കുന്നും കാട്ടുവഴികളും, നഗരവത്കരണത്തിൽ പെട്ട് അസ്വസ്ഥതപേറുന്ന പ്രിയ യാത്രികർക്ക് ഒരാശ്വാസമേകും എന്ന് നിസ്സംശയം പറയാം..

പഴശ്ശിരാജ സ്മാരകം, വയനാട്

pazhassi-raja-tomb

ഒളിപ്പോരുകളുടെ സീല്‍ക്കാരങ്ങള്‍ ഒരുകാലത്ത് മുഴങ്ങികേട്ടിരുന്ന വയനാടന്‍ മലനിരകളിലൂടെയുള്ള വഴിനടത്തങ്ങളില്‍, കേരളവര്‍മ്മ പഴശ്ശിരാജ എന്ന പടനായകനെ ഓര്‍ക്കാതിരിക്കാന്‍ തരമില്ല. ഏതൊരു പോരാട്ടങ്ങളും, അവയുടെ ലക്ഷ്യങ്ങളുടെയും വ്യാപ്തിയുടെയും വികാസത്തിന്റെ വിപ്ലവകരവും പ്രചോദനപരവുമായ ഒരു പരിണാമകഥയാണ് പഴശ്ശിയുടെ ചരിത്രത്തിനു പറയാനുള്ളത്. കേവലമായ രാജാധികാര പടയോരുക്കത്തില്‍ നിന്നും സ്വാതന്ത്ര്യമെന്ന വിശാലമായ ലക്‌ഷ്യം വെച്ചുച്ചുകൊണ്ടുള്ള സാമ്രാജ്യത്വ വിരുദ്ധ സമരമായി വളരുകായിരുന്നു പഴശ്ശിയുടെ പോരാട്ടങ്ങള്‍. തിരിച്ചറിവുകളില്‍ നിന്നും തിരുത്തുകളില്‍നിന്നും പാഠമുള്‍കൊണ്ട് മുന്നേറിയ കേരളവര്‍മ്മ ഒരു തികഞ്ഞ സമരപോരാളിയായി ചരിത്രത്തില്‍ ഇനിയും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. മാനന്തവാടിയിലെ അദേഹത്തിന്റെ ശവകുടീരവും ശേഷിപ്പുകളും അമാനുഷീകതയുടെ അതിഭാവുകത്വമില്ലാതെ ആ പടനായകനെ കുറിച്ച് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.

കുഞ്ഞൻ നമ്പ്യാർ സ്മാരക കലാപീഠം

 Kunjan Nambiar Memorial, Palakkad

കുഞ്ചൻ നമ്പ്യാർ, ഈ പേരറിയാത്തവൻ മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല എന്ന് പറയാം. ചാക്യാരുടെ കൂത്തിന് മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിപ്പോയ കഥയും, അതിനോട് കിട പിടിയ്ക്കത്തക്കവണ്ണം ഓട്ടൻതുള്ളൽ എന്ന ഹാസ്യകല രൂപം കൊണ്ട കഥയും നമുക്ക് സുപരിചിതമാണ്. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തെ പരിഹസിച്ചു കൊണ്ടുള്ള നർമശകലങ്ങളും മറ്റു പരിപാടികളും ടിവിയിലും വേദികളിലുമായി ആസ്വദിയ്ക്കുന്നവരാണ് നമ്മൾ. ഒരർത്ഥത്തിൽ ഇതെല്ലം തുടങ്ങുന്നത് കുഞ്ചൻ നമ്പ്യാർ എന്ന ഇതിഹാസ പുരുഷന്റെ ഓട്ടൻ തുള്ളൽ എന്ന വിശ്വപ്രസിദ്ധമായ കലാരൂപത്തിൽ നിന്നുമാണ് .പാലക്കാട് ലക്കിടി ദേശത്തു ചെന്നാൽ ആ കലാരൂപത്തിന്റെ ഉറവിടം നിങ്ങൾക്ക് കാണാം. കുഞ്ചൻ നമ്പ്യാരുടെ സ്മാരകമായ കലക്കത്ത് ഭവനം. നമ്പ്യാർ ജനിച്ചതും തുടർന്ന് ഇങ്ങനൊരു കലാരൂപം വളർന്നതും എല്ലാം ഈ ഭവനത്തിൽ നിന്നുമാണ് ഏകദേശം 400 വർഷം അല്ലെങ്കിൽ അതിലേറെ പ്രായമുള്ള ചെമ്മണ്ണിന്റെ നിറമുള്ള ഒരു നാലുകെട്ട്, അടുത്ത് കൂത്ത് നടന്നിരുന്ന വേദിയും. തൊട്ടടുത്തായി സ്ഥിതി ചെയുന്ന കലാപീഠത്തിൽ കുട്ടികളെ വിവിധ കലാരൂപങ്ങൾ അഭ്യസിപ്പിചു വരുന്നു.

വട്ടവട എന്ന കാർഷിക ഗ്രാമം

Terraced Farming at Vattavada, Munnar

ദേവികുളത്ത് നിന്നും മാട്ടുപ്പെട്ടി ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒരല്പം നേരം കേരളത്തിന്റെ കാർഷിക കലവറ കാണാൻ കൊതിയ്ക്കുന്നെങ്കിൽ വട്ടവടയിലേയ്ക്ക് നീങ്ങാം. പാമ്പാടുംചോലയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ വരുന്ന യാത്രയിൽ വഴിയരികിൽ സിംഹമൊഴിച്ചു ഏതൊരു വന്യമൃഗത്തിനെയും നിങ്ങൾ കണ്ടേയ്ക്കാം. അധികമാരുടെയും ശ്രദ്ധയിൽ പെടാതെ കിടക്കുന്ന ഈ താഴ്‌വാരത്തിൽ കേരളത്തിന്റെ ശീതകാല പച്ചക്കറികളുടെ ഉറവിടം കാണാം.കാരറ്റ്, ക്യാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങു തുടങ്ങി നിരവധി ഫല വർഗങ്ങളുടെയും കൃഷിയിടമാണ് വട്ടവട. വാഹനങ്ങൾ ചരക്കു നീക്കത്തിനായി ഉപയോഗിയ്ക്കുന്നതിനും മുൻപ് കോവർ കഴുതകളെ ഉപയോഗിച്ചിരുന്ന രീതി ഇവിടെ ഇന്നും കാണാം. നാല് മലകളാൽ ചുറ്റപ്പെട്ട താഴ്‌വര എന്നർത്ഥം വരുന്ന വട്ടവടയിൽ സിംഹഭാഗവും കൃഷിക്കാർ തന്നെയാണ്. കൃഷിയിടങ്ങൾ കണ്ടങ്ങളായി തിരിച്ച് തട്ട് തട്ടായി ക്രമീകരിച്ചിരിയ്ക്കുന്നു. വിളവെടുപ്പിന്റെ സമയത്താണ് സന്ദർശനമെങ്കിൽ കൃഷിയിൽ താല്പര്യമുള്ളവർക്കും ഈ വിളവെടുപ്പിൽ പങ്കു ചേരാം. വട്ടവടയുടെ ചരിത്രത്തിലേയ്ക് ഒന്നിറങ്ങി ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത് ഇങ്ങനെ 400 വർഷം മുൻപ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുടിയേറി പാർത്തവരാണ് ഇവർ അധികവും. കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ കൂടി ഈ നാടിനു ആകെ മൊത്തം ഒരു തമിഴ്‌നാടിന്റെ ഛായ തോന്നും. ഗ്രാമവാസികളിൽ പലരും ഇന്നും പരമ്പരാഗതമായ ചില വിശ്വാസങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നു.

മടിക്കേരി കോട്ട

Madikeri Fort Coorg

കുടക് ജില്ലയിലെ മടികേരി നഗരിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മടിക്കേരി കോട്ടയും അതിലെ കൊട്ടാരവും ആ നഗരത്തിലെത്തുന്ന യാത്രികർക്ക് തെല്ലൊരു ആശ്ചര്യം നൽകുന്നവയാണ്. കാരണം നഗരിയുടെ തിക്കിനും തിരക്കിനും നടുവിലായി ആർക്കുമത്ര പെട്ടെന്ന് ശ്രദ്ധകൊടുക്കാതെ ഉറങ്ങുകയാണ് പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ആ കോട്ടയും അകത്തളത്തിലെ മനോഹരമായ കൊട്ടാരവും. ടിപ്പുവിന്റെ കാലത്ത് പുനർനിർമിച്ച കൊട്ടാരം പിന്നീട് പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഭരണാധികാരകെന്ദ്രങ്ങളുടെ ഭാഗമായിമാറി. കോട്ടയുടെ പരിധിയിൽ ഇപ്പോൾ നിലനില്ൽക്കുന്ന ചർച് നിർമിക്കപ്പെട്ടത് അക്കാലത്താണ്. സ്വാതന്ത്രത്തോടെ പള്ളി അടയ്ക്കുകയും കോട്ടയും കൊട്ടാരവും കർണാടക ഗവന്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. നഗരവാരിധിയിൽ അപ്രതീക്ഷിതമായ കാഴ്ച്ചയുടെ വിരുന്നൊരിക്കി കാത്തിരിക്കുന്ന ഇവിടം ഇന്ന് വിജനമാണ്. കുത്തിയൊഴുകുന്ന നഗരത്തിരക്കിനിടയിലും രാജകീയതയുടെയും പ്രൌഡിയുടെയും ഘതകാല സ്മരണകളിൽ നിദ്രപൂണ്ട് കഴിയുകയാണ് ടിപ്പു ‘ജഫറാബാദ്’ എന്ന് പേരിട്ടുവിളിച്ച ഈ കോട്ടയും കൊട്ടാരവും.

കൊലുമ്പന്‍ സ്മാരകം, ഇടുക്കി

Kolumban Samidhi Idukki

ഇടുക്കിയുടെ വനവീഥികളിലൂടെ മഞ്ഞുമേഘങ്ങളെ തൂര്‍ന്ന്‍ കടന്നുപോകുമ്പോള്‍ , ചെമ്പകശ്ശേരി നരിക്കാട്ട് കുടിപാര്ത്തിരുന്ന കൊലുമ്പന്‍ എന്ന ആദിവാസിമൂപ്പന്റെ കഥകളെവിടെയും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ , ഇടുക്കിയുടെ ആത്മാവിനെ തൊടാന്‍ ആയില്ലാ എന്നര്‍ത്ഥം. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ക്ക് ഡാം ആയ ഇടുക്കി ഡാമിന് സ്ഥാനം കാണിച്ച കരുവേള്ളയാന്‍ കൊലുംപന്റെ പേരില്‍ നിരവധി കഥകളുണ്ട്. ആനയും കടുവയും വരെ കാടിന്റെ ഓരോ സ്പന്ദനവും അറിഞ്ഞിരുന്ന കൊലുംപന്റെ വഴിമാറി പോകുമായിരുന്നു. ഒരു വിദഗ്ദ വൈദ്യന്‍ കൂടിയായിരുന്നു കൊലുമ്പന്‍. ഏതു കൊടിയവിഷത്തിനും കൊലുംപന്റെ വൈദ്യത്തില്‍ മരുന്നുണ്ടായിരുന്നു. അതിന്റെ കഥകള്‍ വേറെയുമുണ്ട്. സഹ്യന്റെ നെറുകയില്‍ അഭിമാനമായി ഉയര്‍ന്നു നില്‍ക്കുന്ന ഇടുക്കി ഡാമിന്റെ സ്ഥാന നിര്‍ണയിതാവായ ഊരാളി ഗോത്രസമുദായത്തിന്റെ ഈ മുടിചൂടാ മന്നന് ചരിത്രം അവഗണന കൈമടക്കു നല്‍കി അപമാനിക്കുകയായിരുന്നു…

വയനാട്ടിലെ ജൈന ക്ഷേത്രം

jain-temples-of-wayanad

ഇന്നത്തെ മറ്റു വ്യവസ്ഥാപിത മതസംജ്ഞകള്‍ കടന്നുവരുന്നതിനും മുന്പായി ബിസി മൂന്നാം നൂറ്റാണ്ടില്‍ തന്നെ ജൈനമതം കേരളത്തിന്റെ സാമ്സ്കാരികചരിത്രത്ത്തില്‍ വേരുറപ്പിച്ചിരുന്നു. പിന്നീട് ബ്രാഹ്മണ ഹിന്ദുമതം ജൈനമത സംസ്കാരത്തെയും മതചിഹ്നങ്ങളെയും ആദേശം ചെയ്തുവെങ്കിലും ഇന്നും കേരളത്തിന്റെ അങ്ങിങ്ങായി അവയുടെ ശേഷിപ്പുകള്‍ ബാക്കിയായി നിലനില്ക്കുന്നു. വയനാട്ടിലെ പനമരത്തെ പുഞ്ചവയലിലും ബത്ത്തെരിയിലും ജൈനക്ഷേത്രങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. പുഞ്ചവയലിലെ ജൈനക്ഷേത്രങ്ങളെ ഇതര ജൈനക്ഷേത്രങ്ങളില്‍ നിന്നും വ്യതസ്തമാക്കുന്നത്, അവയില്‍ കൊത്തിവേക്കപ്പെട്ടിടുള്ള ശില്പങ്ങലാണ്. ജൈനരുടെയും വൈഷ്ണവരുടെയും ശില്പങ്ങള്‍ ഒന്നിച്ചു കാണപ്പെടുന്ന ഇന്ത്യയിലെ ഏകക്ഷേത്രം ഇതാണ്. ജൈനരും ഹൈന്ദവരും തമ്മില്‍ നിലനിന്നിരുന്ന സംഘടങ്ങളുടെ ഒത്തുതീര്പ്പ് എന്നോണം ആയിരിക്കണം പ്രസ്തുത ശില്പടങ്ങളുടെ നിര്മിീതി. അടുത്ത കാലം വരെ പുരാവസ്തു വിഭാഗത്തിന്റെ കടുത്ത അവഗണയിലായിരുന്നു ക്ഷേത്രമെങ്കിലും പിന്നീട് അവയെ ഏറ്റെടുക്കയുണ്ടായി ( തകര്ന്ന ക്ഷേത്രങ്ങള്‍ ആണ് ചിത്രത്തില്‍. ട്രാവലെഴ്സ് സര്ക്കി്ള്‍ ടീ സന്ദര്ശി്ച്ചതിനു ശേഷമുള്ള ദിവസങ്ങളില്‍ പ്രസ്തുത ക്ഷേത്രശിലകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്)